പാലക്കയം: വശങ്ങളിടിഞ്ഞു തകർന്ന പാലക്കയം- ഇരുമ്പാമുട്ടി- വഴിക്കടവ്- തരുപ്പപ്പതി റോഡ് നിർമാണം നിലച്ചതോടെ കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ ഭീതിയിൽ. വഴിക്കടവ് പുഴയോടു ചേർന്ന് 30 അടിയോളം താഴ്ചയിലും 20 അടിയോളം നീളത്തിലുമാണ് റോഡിന്റെ വശം തകർന്നിട്ടുള്ളത്.
പ്രധാനമന്ത്രി ആവാസ് യോജനപദ്ധതിപ്രകാരം നിർമിച്ച ഇരുമ്പാമുട്ടി- തരുപ്പപ്പതി റോഡിന്റെ വഴിക്കടവ് ഭാഗത്താണ് ഈ തകർച്ച. റോഡിന്റെ പകുതിഭാഗം തകർന്നു പുഴയിൽ വീണതോടെ ഓട്ടോറിക്ഷകൾക്കടക്കം കടന്നുപോകാൻ ബുദ്ധിമുട്ടാണ്.
തകർന്ന റോഡിന്റെ പാർശ്വഭിത്തി കോൺക്രീറ്റ് ചെയ്ത് നിർമാണം ആരംഭിച്ചെങ്കിലും ഇടയ്ക്കുവച്ച് നിർത്തിയിരിക്കുകയാണ്. പുഴയിൽ നിന്നും 15 അടിയിലേറെ ഉയരത്തിൽ 3 അടി വീതിയിൽ കോൺക്രീറ്റ് ചെയ്ത് പണികൾ ആരംഭിച്ചെങ്കിലും കരാറുകാരൻ ഒഴിവായതോടെ പണിയും നിലച്ചു.
മഴക്കാലം വരുന്നതോടെ ബാക്കിയുള്ള റോഡുംകൂടി തകർന്നുവീഴുമോ എന്ന ഭീതിയിലാണു പ്രദേശത്തുകാർ. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും മാത്രമാണ് ഈ ഭാഗത്തുകൂടി കടന്നുപോകുന്നത്. റോഡിനു ഇടതുവശത്തുള്ള മൺതിട്ട മഴപെയ്താൽ വെള്ളമിറങ്ങി ഇടിഞ്ഞു താഴ്ന്ന് ബാക്കിയുള്ള റോഡും കൂടി ഒഴുകിപോകുമോ എന്ന ഭയത്തിലാണിവർ.
കുട്ടികളെ സ്കൂളിലയയ്ക്കാനും പാലക്കയത്ത് കടകളിൽ പോകാനുമുള്ള എകമാർഗമാണിത്. മഴ തുടങ്ങുന്നതിനുമുമ്പ് നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.